Monday, December 7, 2009

ഉചിതമായിത്തീരുവാന്‍ വൈകുന്ന അര്‍ഥങ്ങള്‍

"വിനോദത്തിനായി
മകനെ തത്തയാക്കിയ മാന്ത്രികന്‍
പെട്ടെന്ന് മരിച്ചുപോയി.
ആരവനെ പൂര്‍വ സ്ഥിതിയിലാക്കും?
തത്തകള്‍ അവനെ കൂട്ടത്തില്‍ കൂട്ടുമോ?"
(ഇനിയെന്ത്?/കല്‍പ്പറ്റ നാരായണന്‍)

കൂട്ടത്തില്‍ കൂട്ടാത്ത കവിതയുടെ ഉള്ളടക്കമാണ്‌ മലയാളത്തില്‍ കല്പ്പറ്റയുടെ സമകാലികത. പുതുകവിതയുടെ യുവത്വത്തില്‍ നാം ഈ കവിയുടെ പേരു വായിക്കുന്നില്ല. എങ്കിലെന്ത്? എല്ലാ കൂട്ടങ്ങളെയും തിരസ്കരിക്കുന്ന, എല്ലാ കാലത്തെയും സമീകരിക്കുന്ന ഭാഷയുടെ കൌമാരം 'സമയപ്രഭു' എന്ന സമാഹാരത്തെ അന്തസ്സുള്ളതാക്കി തീര്‍ത്തിരിക്കുന്നു. ദാര്‍ശനിക വ്യഥയുടെ കരുത്തുറ്റ വാഗര്‍്ഥങ്ങളായി ഇതിലെ കവിതകള്‍ ദേശകാലങ്ങളെ അതിവര്‍തിക്കുന്നു. ഭാഷയുടെ ഐന്ദ്രജാലികമായ ധ്വനന ശേഷിയാണ് ഈ കവിയുടെ സ്വത്ത്. കവിത ഇവിടെ ഏറ്റവും സൂക്ഷ്മമായ ഭാഷരൂപമാണ്.
'ജീവിതത്തിന്‍റെ അവസാനപുറം നേരത്തെ വായിച്ച ഒരാള്‍ നമുക്കിടയില്‍ നന്നോ? 'എന്ന് പരിണാമം എന്ന കവിതയില്‍ കല്‍പ്പറ്റ ചോദിക്കുന്നു. യാതാര്ഥ്യത്തിനും ഭാവനയ്ക്കുമിടയില്‍ നിന്നു കവി കണ്ടെടുക്കുന്ന സത്യപ്രസ്ഥാവനകളാണു സമയപ്രഭുവിലെ മിക്ക കവിതകളും. ഇവ ഒരു മറുവായന ആവശ്യപ്പെടുന്നു. ജീവിതത്തെയും കാലത്തെയും മൂന്നാം കണ്ണിലൂടെ നോക്കുന്ന നോട്ടവുമാണിത്. ഒരു പ്രത്യേക സാമൂഹ്യ സന്ദര്‍ഭത്തെയോ അവസ്ഥയെയോ അതിന്റെ രാഷ്ട്രീയ ക്ലിപ്തതയോടെ സമീപിക്കുന്ന രചനാരീതിയെ അല്ല ഇതു.അത് കൊണ്ടു തന്നെ കവിയശ:പ്രാപ്തികളുടെ വിചാരണകോടതികളില് ഈ പ്രതി ഹാജരായിട്ടില്ല. കവിതയോട് ഇന്നുവരെ പുലര്‍ത്തിയിരുന്ന വിസ്വാസപ്രമാണങ്ങളെ സമയപ്രഭുവിലെ കവിതകള്‍ ഗൌനിക്കുന്നതെയില്ല. അവയ്ക്ക് നിയതാര്‍ഥത്തില് നിലക്കാന്‍ മനസ്സില്ല എന്ന മട്ടില്‍ ഭാഷയുടെ ഒരു അപാരം ആയി നിലകൊള്ളുകയാണ് ചെയ്യുന്നത്. ചലനാത്മകമായ ലോകത്തെ ചലനാത്മകമായ ഭാഷ കൊണ്ടു ഡോക്യുമെന്റ് ചെയ്യുന്ന പ്രക്രിയയാണ് കല്പ്പറ്റയ്ക്ക് കവിത.


അമൂര്‍ത്തം എന്ന് കരുതിപ്പോന്ന വൈകാരികതകളെ സമയപ്രഭുവിലെ കവിതകള്‍ അനായാസമായി ചേരുംപടി ചേര്‍ക്കുന്നു. കവിത കൊണ്ടു മാത്രം പൂരിപ്പിക്കപ്പെടുന്ന ജീവിതത്തിന്റെ ദ്വിത്വസന്ധികള്‍ ഇവിടെ കണ്ടുമുട്ടുന്നു. പറഞ്ഞുകേട്ടതിലും വായിച്ചറിഞ്ഞതിലും കവിഞ്ഞു ചില 'അധികച്ചുമതലകള്‍' ഈ കവിതകള്‍ നമ്മെ ഏല്‍പ്പിക്കുന്നു. കവിതയുടെ കേവലാസ്വദനത്തിനു അപ്പുറത്ത് അത് ചില ഉത്തരവാദിത്വങ്ങള്‍ കൂടി മുന്നോട്ടുവെയ്ക്കുന്നു. വാക്കിന്‍റെ വിനിമയവ്യവസ്ഥ തന്നെ ഇവിടെ അട്ടിമറിക്കപ്പെടുകയും കൂട്ടിചെര്‍ക്കപ്പെടുകയും ചെയ്യുന്നു. ഒരര്‍ഥവും കൂടുതലായി ഉല്പാദിപ്പിക്കുന്നില്ല എന്ന് തോന്നുന്ന കേവലവാചകങ്ങള്ക്ക് പോലും അപ്പോള്‍ കവിതയ്ടെ കമ്പനമുണ്ടാകുന്നുണ്ട്. അപരലോകങ്ങളിലേക്ക് വളരുന്ന തായ് വേരുകള്‍ ഓരോ വാക്കിലും അള്ളിപ്പിടിച്ചിരിക്കുന്നു.' ഒരു സങ്കേതത്തിലും സമയത്തിനെത്താന്‍ കഴിയാത്തതിനാല്‍ ഞാനെന്‍റെ വീടും ചുമന്നു നടക്കുന്നു' എന്ന ആമയുടെ ആത്മഗതം പോലെ ഓരോ കവിതയിലും അതിന്റെ പാര്‍പ്പിടവും അന്തരീക്ഷവും ആകശാവുമുണ്ട്‌.

അവനവനോടുള്ള പ്രീതിയുടെ നിഷ്കളങ്കതയില്‍ ഉത്കണ്ടാപ്പെടുന്ന ആഖ്യാതാവ് പല കവിതകളിലും ഉണ്ട്. അതൊരിക്കലും സ്വയം കേന്ദ്രിതമായ കാല്‍പ്പനികതയുടെ ഏകാന്തതയല്ല, താത്വികവും സൌന്ദര്യശാസ്ത്രപരവുമായ ഒരേകാന്തതയാവാം. പ്രണയത്തിലും ദാമ്പത്യത്തിലും തലമുറകളുടെ ഇണക്കത്തിലും വീട്ടിലും വീടിനു പുറത്തും വ്യാപിക്കുന്ന അകാല്‍പ്പനികവും അസുലഭവുമായ എകാന്തതയാവാം. പ്രാചീനമായ ഒരഭയത്തിന്റെ വിശ്വസ്തതയില്‍ ഒന്നായ കമിതാക്കള്‍ക്കിടയിലും (കുട) പിഴുതെടുത്ത മകന്റെ പല്ലു പുരപ്പുറത്തു എറിയാന്‍ പറയുന്ന അച്ഛനിലും (ഏകാന്തത) മുലപ്പാല്‍ കുടിക്കുമ്പോള്‍ മകന്റെ ശരീരം തന്റെതായി പരിണമിക്കുന്നു എന്നറിഞ്ഞ അമ്മയിലും (പകര്‍ച്ച) ഈ ഏകാന്തതയുടെ ഊര്‍ജ്ജമാണ് നിറയുന്നത്. കവിത ആശയപ്രചാരണത്തിന്റെയോ അനുഭവപ്രകാശനത്തിന്റെയോ ഉപാധി മാത്രമല്ലിവിടെ. അവസ്ത്ഥകളിലുള്ള പ്രതിവചനമോ പ്രതീതിയോ ആണ്.കവിതയുടെ ധര്‍മം തന്നെ പുതുതായി നിര്‍വഹി(ചി)ക്കപ്പെടുന്നു. കാത്തു നില്‍ക്കുന്നതിനെ മാത്രമല്ല അത് കാത്തു നില്ക്കുന്നത്.ചില നേരങ്ങളില്‍ വാക്കുകള്‍ക്കുള്ള വ്യാപ്തി കവിതയെ കടന്നു പോകുന്ന ജീവന്റെ അഗാധമായ അറിവാകാം. ഉറക്കം കേള്‍ക്കുന്ന ഒരാളെയും മരിച്ചവരുടെ കടുത്ത തീരുമാനങ്ങളെയും കുറിച്ചു എഴുതുമ്പോള്‍ ഈ അറിവ് സ്ഫുടമായി നമുക്കറിയാനാകും. കേള്‍വി എന്നതുപോലെ കാഴ്ചയുടെയും ദാര്‍ശനിക പ്രതിസന്ധികളെ കല്‍പ്പറ്റ പ്രശ്നവ്ല്‍ക്കരികുന്നു. ഉറങ്ങുമ്പോള്‍ അന്ധന്‍ അന്ധനല്ലാതവുന്നത് ഭാഷയുടെ ഈ കരവിരുത് കൊണ്ടു കൂടിയാണ്. നാലുവയസ്സുകാരന്‍ വരയ്ക്കുന്ന ഛായാചിത്രത്തിനു എളുപ്പം വിധേയമാവാന്‍ ആഗ്രഹിക്കുന്ന ആഖ്യാതാവ് തന്റെ വൈരൂപ്യത്തെ തിരിച്ചറിയുന്നതും രൂപപരതയില്‍ കവി ചെലുത്തുന്ന ഉദ്ധൃതമായ അറിവിന്‍റെ തന്നെ മറ്റൊരാവിഷ്കാരമാണ്. "ഇനിയാവശ്യമില്ലെന്നു കണ്ട്‌
ഓക്സിജന്‍ സിലിണ്ടര്‍ ഓഫാക്കി
നീക്കിവേയ്ക്കുന്നതുപോലെ
ഭാഷ ഓഫാക്കി വേര്‍പെടുത്തി
അയാളില്‍ നിന്നു നീക്കി വെച്ചിരിക്കണം "
എന്ന് സംസാരം എന്ന കവിതയിലെതുപോലെ ഭാഷ കവിതയുടെ ഏതാണ്ടെല്ലാ കോണുകളില്‍ നിന്നും ഉച്ചരിക്കപ്പെടുന്നു. കവിത ഭാഷയിലെ ചെറിയൊരു നീക്കുപോക്കാണെന്നും അത് ഓര്‍മ്മിപ്പിക്കുന്നു. രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്താല്‍ നക്ഷത്രമുണ്ടാകും എന്ന് പറയും പോലെ പ്രതീതികളെ പ്രത്യേക അനുപാതത്തില്‍ കവി സമന്വയിപ്പിക്കുന്നു.ചില ആകസ്മികതകള്‍ അതിനെ കവിതയെന്നു തോന്നിപ്പിക്കുന്നു. കാലഹരനപ്പെടാത്ത കവിതയുടെ അകം അങ്ങനെ കല്‍പ്പറ്റ കാത്തുവെയ്ക്കുന്നു. ദൈനംദിന പ്രതിസ്ന്ടികളുടെയോ ആഗോള രീഷ്ട്രീയത്തിന്റെയോ ചുക്കാന്‍ പിടിച്ചില്ലെങ്കിലും അവ ദേശകാലങ്ങളെ അതിവര്‍ത്തിച്ചു കൊണ്ടിരിക്കും. മനുഷ്യചേതനയോടു തന്നെ അതീവഗഹനമായി സംവദിക്കുന്ന 'സമയപ്രഭു' വരുംകാല വായനകള്‍ക്കുള്ള ഈടുവെയ്പ്പും കൂടിയാണ്.

No comments:

Post a Comment